ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ചർച്ച നടത്തി. ആരോഗ്യ- സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണത്തിന്‍റെ സാധ്യതകൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ടെലിഫോൺ കോൺഫറൻസിലൂടെയാണ് ഇരുവരും സംസാരിച്ചത്. ഇരു നേതാക്കളും തങ്ങളുടെ രാജ്യങ്ങളിലെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഗോള വ്യവഹാരത്തിൽ മാനുഷിക മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യ-കാനഡ സഹകരിക്കുമെന്ന് ഇരു നേതാക്കളും സമ്മതിച്ചു. ആരോഗ്യ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ അന്താരാഷ്ട്ര വേദികളിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഇരു നേതാക്കളും പറഞ്ഞു.
ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. കാനഡയിലെ ഇന്ത്യൻ പൗരന്മാർക്ക് കനേഡിയൻ അധികൃതർ നൽകിയ സഹായവും അവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ സഹായിച്ചതിനും പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.