ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ജന്മവാർഷികത്തിൽ രാജ്യത്തെ ഒമ്പത് കോടി കർഷകർക്കായി 18,000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. പ്രധാനമന്ത്രി കിസാൻ സമൻ നിധി പദ്ധതി പ്രകാരമാണ് തുക അനുവദിക്കുക. രാജ്യത്തൊട്ടാകെയുള്ള എല്ലാ വികസന ബ്ലോക്കുകളിലും പരിപാടി നടക്കുമെന്നും രണ്ട് കോടി കർഷകർ ഇതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 25ന് ഉച്ചയ്ക്ക് 12 മണിക്ക് പരിപാടി ആരംഭിക്കുമെന്നും ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആറ് കർഷകരുമായി പ്രധാനമന്ത്രി നേരിട്ട് സംവദിക്കുമെന്നും തോമർ പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമൻ നിധി സർക്കാരിന്‍റെ അഭിലാഷ പദ്ധതിയാണെന്നും ഇതിലൂടെ 2000 രൂപ വീതം കർഷകരുടെ അക്കൗണ്ടിലേക്ക് വർഷത്തിൽ മൂന്നുതവണ കൈമാറുമെന്നും, ഒരു കർഷകന് ഒരു വർഷത്തിൽ 6000 രൂപ അക്കൗണ്ടിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയ്ക്കായി 75,000 കോടി രൂപ വകയിരുത്തുന്നു. ഡിസംബർ 25ന് 'ഗുഡ് ഗവർണൻസ്' ദിനമായി ആഘോഷിക്കുമ്പോൾ, ഒരു ബട്ടൺ അമർത്തി പ്രധാനമന്ത്രി രൂപ കൈമാറും. രണ്ട് മണിക്കൂറിനുള്ളിൽ പണം കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നും തോമർ അറിയിച്ചു. കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധരാണ്. സർക്കാരിന് കാലാകാലങ്ങളിൽ ശുപാർശകൾ ലഭിക്കുകയും അത് നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ജഡ്ജിമാരുടെ നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ് കാർഷിക നിയമങ്ങൾ രൂപീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.