ന്യൂഡൽഹി: 12-ാംമത് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. നവംബർ 17ന് നടക്കുന്ന ഉച്ചകോടിയിൽ 'ആഗോള സ്ഥിരത, രാജ്യ സുരക്ഷ, നൂതന വളർച്ച' എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ ക്ഷണപ്രകാരം പ്രധാനമന്ത്രി വെർച്വൽ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികത്തിന്‍റെ പശ്ചാത്തലത്തിലും കൊവിഡ് പ്രതിസന്ധിക്കും ഇടയിലാണ് ഉച്ചകോടി നടക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടി, ഭീകരവാദം അവസാനിപ്പിക്കുക, വ്യാപാരം, ആരോഗ്യം, ഊർജം എന്നീ വിഷയങ്ങൾ ഉച്ചകോടിയിൽ നേതാക്കൾ ചർച്ച ചെയ്യും. 2012 നും 2016 നും ശേഷം ബ്രിക്‌സിന്‍റെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുകയും പതിമൂന്നാമത് ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ആതിഥേയത്വം വഹിക്കുമെന്നും മന്ത്രാലയം അറിയിച്ചു.