ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി ഉള്‍പ്പെടെ എട്ടിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നാളെ ചര്‍ച്ച നടത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വാക്സിന്‍ വിതരണവും യോഗത്തില്‍ ചര്‍ച്ചയാകും. കേരളം, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ചത്തീസ്‌ഗഢ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്ന സാഹചര്യത്തില്‍ വാക്സിന്‍ വിതരണം പരാതികളില്ലാതെ നടത്താന്‍ കേന്ദ്രം കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. ഇന്ന് 44,059 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നിരുന്നു.
മഹാരാഷ്ട്രയാണ് കൊവിഡ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനം. 46,623 മരണം ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രാ പ്രദേശിനും കര്‍ണാടകക്കും ഒപ്പം ഡല്‍ഹിയിലും സ്ഥിതി രൂക്ഷമാണ്. പ്രതിദിന രോഗബാധിതരുടെ കണക്കില്‍ കേരളം മഹാരാഷ്ട്രയെ മറികടന്ന സ്ഥിതിയും ഉണ്ടായി. ഈ സാഹചര്യത്തിലാണ് എട്ടിടങ്ങളിലെ കൊവിഡ് സാഹചര്യം നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചത്.