ന്യൂഡൽഹി: ഗുജറാത്തിലെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. കച്ചിലെ ധോർഡോ സന്ദർശിച്ച ശേഷമായിരിക്കും വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുക. ഈ പദ്ധതികളിൽ ഡീസലൈനേഷൻ പ്ലാന്‍റ്, ഹൈബ്രിഡ് പുനരുപയോഗ ഊർജ്ജ പാർക്ക്, പാൽ സംസ്കരണവും പാക്കിംഗ് പ്ലാന്‍റും ഉൾപ്പെടും. ഡീസലൈനേഷൻ പ്ലാന്‍റിലൂടെ സമുദ്രജലത്തെ കുടിവെള്ളമാക്കി മാറ്റുന്നതിൽ സുപ്രധാന ചുവടുവെയ്പ്പും ഇന്ന് നടക്കും. മുന്ദ്ര, ലഖ്പത്, അബ്ദാസ, നഖത്രാന എന്നീ മേഖലകളിലെ എട്ട് ലക്ഷത്തോളം ആളുകൾക്ക് ഈ പ്ലാന്‍റിൽ നിന്ന് ഡീസലൈനേറ്റഡ് ജലം ലഭിക്കും.
ഗുജറാത്തിലെ കച്ച് ജില്ലയിലെ വിഘകോട്ട് പ്രദേശത്ത് ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്ന ഹൈബ്രിഡ് പുനരുപയോഗ ഊർജ്ജ പാർക്ക് രാജ്യത്തെ ഏറ്റവും വലിയ ഊർജ പാർക്കായിരിക്കും. ഇത് 30 ജിഗാവാട്ട് വരെ പുനരുപയോഗ ഊർജ്ജം ഉൽപാദിപ്പിക്കും. കച്ചിലെ സർഹാദ് ഡയറി അഞ്ജറിൽ പൂർണമായും ഓട്ടോമേറ്റഡ് പാൽ സംസ്കരണ-പാക്കിംഗ് പ്ലാന്‍റിന്‍റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നടത്തും. 121 കോടി രൂപ ചെലവിലാണ് പ്ലാന്‍റിന്‍റെ രൂപീകരണം. ഇതിന് പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ പാൽ സംസ്‌കരിക്കാനുള്ള ശേഷിയുണ്ടാകും.