ന്യൂഡല്‍ഹി: തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അക്കോൺകാഗ്വ പർവതത്തെ കീഴടക്കിയ പന്ത്രണ്ട് വയസുകാരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിലൂടെയാണ് അദ്ദേഹം ഇന്ത്യക്കാരിയായ കമ്യ കാര്‍ത്തികേയനെ പ്രശംസിച്ചത്.
"നമ്മുടെ രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ധൈര്യം നമ്മിൽ ഓരോരുത്തർക്കും അഭിമാനകരമാണ്. കാലഹരണപ്പെട്ട ചങ്ങലകള്‍ തകര്‍ത്തുമാറ്റുന്ന കമ്യയേപോലുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും കാണാം. പന്ത്രണ്ട് വയസുള്ള കമ്യ കാർത്തികേയന്‍റെ നേട്ടം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. കമ്യ, വെറും പന്ത്രണ്ട് വയസുള്ളപ്പോൾ അക്കോൺകാഗ്വ പർവ്വതം കീഴടക്കിയിരിക്കുന്നു. ആൻഡീസ് പർവതനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. തെക്കേ അമേരിക്കയിലെ ഈ പര്‍വ്വതത്തിന് ഏകദേശം 7000 മീറ്റർ ഉയരമുണ്ട്". പ്രധാനമന്ത്രി തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പറഞ്ഞു. അടുത്തതായി കമ്യ ലക്ഷ്യം വെയ്ക്കുന്ന മിഷന്‍ സാഹസിനും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.