ന്യൂഡല്‍ഹി: രാജ്യം രണ്ട് പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി. 54 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോൾ കൊവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ സാമ്പത്തിക പ്രവർത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും പ്രധാനമന്ത്രി തിങ്കളാഴ്‌ച മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീക്കണമോ നീട്ടണമോയെന്ന അടിസ്ഥാന ചോദ്യം നിലനില്‍ക്കുന്നു. മെയ് 17നാണ് രാജ്യത്ത് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുക. നിലവില്‍ നിയന്ത്രണ മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ മറ്റ് സോണുകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുമെന്നും പ്രധാന മന്ത്രി പറഞ്ഞു.
രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുന്നവരാണ് അതിഥി തൊഴിലാളികള്‍ .എന്നാല്‍ അവരുടെ മടങ്ങിവരവ് രോഗവ്യാപനം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിന് പരിഹാരം കണ്ടെത്തി എല്ലാ വിധ സുരക്ഷയും മടങ്ങിയെത്തുന്നവര്‍ക്കായി ഒരുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ സംബന്ധിച്ച് മൂന്ന് തരത്തിലുള്ള അഭിപ്രായങ്ങളാണ് സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങൾ ഉയർത്തുന്നതിനെ അനുകൂലിക്കുന്നു. പലരും എതിർക്കുന്നു. ചിലർ യോഗ്യതയുള്ള നിയന്ത്രണങ്ങൾക്കും ഇളവുകള്‍ക്കും അനുകൂലിച്ചു. ലോക്ക് ഡൗണ്‍ ക്രമാനുഗതമായി ലഘൂകരിക്കുമ്പോഴും ശേഷവുമുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് വെള്ളിയാഴ്‌ചക്ക് മുമ്പ് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.