ചെന്നൈ: തമിഴ്‌നാട് ഗവര്‍ണറെ മാറ്റണമെന്നാവശ്യപ്പെട്ട ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാനുള്ള മന്ത്രിസഭാ നിര്‍ദേശത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാത്തതിന്‍റെ പേരിലാണ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ മാറ്റാനാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് എം.സത്യനാരായണന്‍, ആര്‍.ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം നേതാവ് എം.കണ്ണദാസന്‍ നല്‍കിയ ഹര്‍ജി തള്ളിയത്.
ഏഴ് പ്രതികളെ മോചിപ്പിച്ചുകൊണ്ട് ഉത്തരവിടാൻ തമിഴ്‌നാട് ഗവർണറോട് ശുപാർശ ചെയ്‌ത് 2018 സെപ്റ്റംബർ ഒമ്പതിന് തമിഴ്‌നാട് മന്ത്രിസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ 15 മാസത്തിന് ശേഷവും ഗവര്‍ണര്‍ നടപടിയെടുത്തിട്ടില്ലെന്നും ഗവര്‍ണറുടെ നിഷ്‌ക്രിയത്വം ഭരണഘടനയുടെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കണ്ണദാസൻ ഹര്‍ജി സമര്‍പ്പിച്ചത്.
ഗവർണറെ മാറ്റാനാവശ്യപ്പെട്ട് 2019 നവംബർ 22ന് കേന്ദ്രസർക്കാരിനും ഇദ്ദേഹം നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്‌ത ഏഴ് പ്രതികളെ വിട്ടയക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും നിയമപ്രകാരം കേന്ദ്രവുമായി ആലോചിക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കിയിരുന്നു. കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ ഏഴ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാന്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഗവർണർ കേന്ദ്ര സർക്കാരിനെ സമീപിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.
കൂടാതെ ഏഴ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്‍റെ നിർദേശം 2018 ഓഗസ്റ്റ് പത്തിന് സുപ്രീം കോടതിയിലും കേന്ദ്രം എതിർത്തിരുന്നു. കേന്ദ്ര ഏജൻസി അന്വേഷിച്ച കേസുകളിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ശിക്ഷ ഇളവുചെയ്യാന്‍ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും രാജീവ് ഗാന്ധിയുടെ കൊലയാളികളെ വിട്ടയക്കാൻ കേന്ദ്രത്തിന്‍റെ അനുമതി നിർബന്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
1991 മെയ് 21 ന് തമിഴ്‌നാട്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസില്‍ നളിനി, ഭർത്താവ് മുരുകൻ, ശാന്തന്‍, റോബർട്ട് പയസ്, പേരറിവാളന്‍, രവിചന്ദ്രന്‍, എസ് ജയകുമാർ എന്നിവരാണ് ഇപ്പോഴും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്.