ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ വെടിവെയ്പ്പ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രസ്താവന ഇറക്കി ഇന്ത്യൻ സൈന്യം. നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെങ്കിലും ചൈനയുടെ പ്രകോപനപരമായ ഇടപെടലുകൾ അതിന് സമ്മതിക്കുന്നില്ലെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സെപ്റ്റംബർ ഏഴിന് പാംഗോങ് തടാകത്തിന് സമീപത്ത് നടന്ന് വെടിവെയ്പ്പിൽ ചൈനയാണ് അതിർത്തി ലംഘിച്ചതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. എന്നാൽ വെടിവെയ്പ്പ് നടന്ന ഉടൻ ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചതായും തങ്ങൾ തിരിച്ചടിച്ചതായും ചൈന ആരോപിച്ചിരുന്നു.
അതിർത്തിയിലെ പ്രശ്ന പരിഹാരത്തിന് സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളിൽ ചർച്ചകൾ പുപരോഗമിക്കുമ്പോൾ അതിർത്തിയിൽ കരാറുകൾ പരസ്യമായി ലംഘിക്കുകയാണെന്ന് സൈന്യം പറഞ്ഞു.
ഗുരുതരമായ പ്രകോപനമുണ്ടായിട്ടും, സൈനികർ സംയമനം പാലിക്കുകയും പക്വതയോടും ഉത്തരവാദിത്തത്തോടും പെരുമാറുകയും ചെയ്തതായും സമാധാനം നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എന്നിരുന്നാലും ദേശീയ സമഗ്രതയും പരമാധികാരവും സംരക്ഷിക്കാൻ സൈന്യം കർമ്മ നിരതരാണെന്നും ഇന്ത്യൻ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.