ന്യൂഡൽഹി: 2015 നെ അപേക്ഷിച്ച് ഇത്തവണത്തെ ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടത്ര പ്രകടനം കാഴ്‌ചവെക്കാനായില്ലെന്ന് കോൺഗ്രസ് എംപി പി.എൽ പുനിയ. തെരഞ്ഞെടുപ്പിൽ വെറും 25 ശതമാനം സീറ്റുകളാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്. ഈ പരാജയം കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുന്നു. കഴിഞ്ഞ തവണ 40 സീറ്റുകളിൽ മത്സരിച്ച് 27 സീറ്റുകൾ നേടുകയും ഇത്തവണ 70 സീറ്റുകളിൽ മത്സരിച്ച് 19 സീറ്റുകൾ നേടുകയും ചെയ്‌തു. 2015 ലെ രീതിയിൽ തന്നെ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ സമീപിച്ചിരുന്നെങ്കിൽ സ്ഥിതി മറിച്ചായേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീമഞ്ചൽ മേഖലയിൽ എഐഎംഐഎമ്മിനെ ഉപയോഗിച്ച് ബിജെപി നടത്തിയ ശ്രമവും കോൺഗ്രസിന് തിരിച്ചടിയായി. എന്നാൽ ഇടതുപക്ഷ പാർട്ടികൾ മികച്ച പ്രകടനം നടത്തി. കോൺഗ്രസിന്‍റെ ഈ വീഴ്‌ച വിശദമായി അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ വോട്ടെണ്ണലിൽ വീഴ്‌ച വരുത്തിയെന്നാരോപിച്ച് കോൺഗ്രസും ആർജെഡിയും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. മധ്യപ്രദേശ് പോരാട്ടം ഉൾപ്പെടെ മറ്റ് ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് മോശം പ്രകടനം കാഴ്‌ചവെച്ചു. മുൻ പാർട്ടി അംഗം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നത് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ പതനത്തിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു.