ന്യൂഡൽഹി : യുപിഎ ഭരണകാലത്ത് ചൈനയുമായി ഒപ്പുവച്ച ധാരണാപത്രത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്താത്തതിന് കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി.അഭിഭാഷകൻ ശശാങ്ക് ശേഖർജായും ഗോവ ക്രോണിക്കിൾ എഡിറ്റർ സാവിയോ റോഡ്രിഗസുമാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ചൈനയുമായി ശത്രുതാപരമായ ബന്ധം ഉണ്ടായിരുന്നിട്ടും കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ചൈനയുമായി ധാരണാപത്രം ഒപ്പിട്ടതായും കരാറിന്‍റെ വസ്തുതകളും വിശദാംശങ്ങളും മറച്ചുവെച്ചതായും ഹർജിയിൽ പറയുന്നു.
കോൺഗ്രസ് പാർട്ടി ഇന്ത്യയിൽ വിവരാവകാശ നിയമം കൊണ്ടുവന്നിട്ടും ദേശീയ പ്രാധാന്യമുള്ള ഈ വിഷയത്തിൽ സുതാര്യതയില്ലെന്ന് അപേക്ഷകർ പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ഉറപ്പുനൽകുന്ന വിവരാവകാശം ഒരു രാഷ്ട്രീയ പാർട്ടിക്ക് തട്ടിയെടുക്കാൻ കഴിയുമോ എന്നും ശത്രുരാജ്യവുമായുള്ള ഒരു കരാറിലൂടെ ദേശീയ സുരക്ഷയെ അട്ടിമറിക്കാൻ കഴിയുമോ എന്നും അപേക്ഷകർ ചോദിച്ചു. ധാരണാപത്രത്തെക്കുറിച്ച് മാധ്യമ പ്രവർത്തകനായ അർണബ് ഗോസ്വാമി നടത്തിയ ചാനൽ ചർച്ച ഉൾപ്പെടെയുള്ള മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ചാണ് അപേക്ഷകർ ഹർജി നൽകിയിരിക്കുന്നത്.