ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി രാജ്യദ്രോഹ കേസില്‍ താമസം വരുത്തുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. കേസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ച് മുന്‍ ബിജെപി എംഎല്‍എ നന്ദി കിഷോര്‍ ഗാര്‍ഗ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.
അതേസമയം കേസില്‍ അറസ്റ്റിലായ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യുന്നതില്‍ ഇപ്പോഴും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പട്യാല കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് എത്രയും വേഗം കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിചാരണ എത്രയും വേഗം നടത്തണമെന്നും പട്യാല കോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തിനകം വിചാരണ തുടങ്ങണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് സമൻസ് അയക്കുകയും ഡിസംബർ 11 ന് വാദം കേൾക്കുകയും ചെയ്തു. ജനുവരിയിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനോടൊപ്പം നല്‍കിയ രേഖകളില്‍ വീഡിയോ ഫൂട്ടേജുകളുണ്ടെന്നും അതില്‍ ദേശ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ഥികളെ കനയ്യ കുമാര്‍ നയിക്കുന്നതായുള്ള ദൃശ്യങ്ങള്‍ ഉണ്ടെന്നിം അത് സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
1200 പേജുള്ള കുറ്റപത്രത്തിൽ കനയ്യ കുമാറിനെതിരായ തെളിവായി സംഭവ സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണ്‍ ലഭിച്ചെന്നും പറയുന്നു. സംഭവവുമായി ബന്ധമുള്ള രീതിയില്‍ ഈ ഫോണില്‍ നിന്നും അയച്ച മെസേുജകള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി തെളിവായി കണ്ടെടുത്തെന്നും കുറ്റപത്രത്തിലുണ്ട്.
2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തിനിടെ രാജ്യദ്രോഹകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാണ് കേസ്. കേസില്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍, മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയാണ് കുറ്റപത്രത്തില്‍ പറയുന്ന വകുപ്പുകള്‍.