ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് നടക്കുന്ന കുറുക്കൻ പോരിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്‍റ് അനിമൽ (പിഇടിഎ) സംഘടന. കുറുക്കൻ പോര് സംഘടിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് തമിഴ്‌നാട് സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം വങ്ക എന്ന അപൂർവയിനം കുറുക്കനെ ജെല്ലിക്കെട്ടിനായി ഉപയോഗിക്കുന്നതിനെതിരെ ബോധവത്ക്കരണം ആരംഭിച്ചതായി സേലം ജില്ലാ ഭരണകൂടം അറിയിച്ചു. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്പതാം വകുപ്പ് കുറുക്കന്മാരെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. കുറുക്കൻപോര് നടത്തുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കും എതിരെ നടപടി വേണം. പ്രത്യേക സംരക്ഷം നൽകി വരുന്ന മൃഗമാണ് കുറുക്കനെന്നും അന്ധ വിശ്വാസത്തിന്‍റെ പേരിലുള്ള ഇത്തരം വേട്ടയാടലുകൾ നിർത്താലാക്കണെമന്നും പിഇടിഎ ആവശ്യപ്പെട്ടു. പൊങ്കലിനോടനുബന്ധിച്ച് സേലത്തും കോട്ടവടി, മത്തൂർ തുടങ്ങിയ ഇടങ്ങളിലും ജെല്ലിക്കെട്ട് പോലെ നടക്കുന്ന മറ്റൊരു ആചാരമാണ് കുറുക്കൻ പോര് അഥവാ ഫോക്‌സ് ജെല്ലിക്കെട്ട്. കുറുക്കനെ അണിയിച്ചൊരുക്കി വായ മൂടിക്കെട്ടിയാണ് പോര് നടത്തുന്നത്. മത്സരാർഥികളെ കുറുക്കൻ കടിക്കാതിരിക്കാനാണ് കുറുക്കന്‍റെ വായ കെട്ടുന്നത്. ജെല്ലിക്കെട്ടിനെതിരെ പ്രതിഷേധം ഉയരുമ്പോഴും കുറുക്കൻ പോരിന് യാതൊരു നിയന്ത്രണവും ഇല്ലെന്നതാണ് സത്യം.