ന്യൂഡൽഹി: ഡൽഹിയിലെ പഴം പച്ചക്കറി മാർക്കറ്റായ ഒഖ്‌ല മണ്ഡിയിൽ ശനിയാഴ്ച ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കൊണ്ട് ജനങ്ങൾ കൂട്ടം കൂടി . ലോക് ഡൗൺ നീട്ടുമോ എന്ന പരിഭ്രാന്തിയിൽ പച്ചക്കറികൾ വാങ്ങാനായാണ് ജനങ്ങൾ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയത്.
മാർക്കറ്റിൽ പ്രവേശിക്കുന്ന എല്ലാവരും മാസ്കുകൾ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ലോക് ഡൗൺ നീട്ടുമോ എന്ന ആശങ്കയാണ് ജനങ്ങളെ ഇത്തരത്തിൽ കൂട്ടം കൂടാൻ പ്രേരിപ്പിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. മാത്രമല്ല പച്ചക്കറികളുടെ ലഭ്യതയും കുറവാണ്. മാർക്കറ്റില്‍ എത്തുന്ന പച്ചക്കറികള്‍ ചുരുങ്ങിയ സമയത്തിനുള്ളിലാണ് തീർന്നുപോകുന്നത്. ഈ അവസ്ഥ നിലനിൽക്കുന്നതിനാലാണ് ജനങ്ങൾ കൂട്ടമായി മാർക്കറ്റില്‍ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.