അമരാവതി: ആന്ധ്രയില്‍ പശ്ചിമ ഗോതാവരിയിലെ എലുരുവില്‍ അജ്ഞാത രോഗം ബാധിച്ച് ആളുകള്‍ കുഴഞ്ഞ് വീഴുന്നതായി റിപ്പോര്‍ട്ട്. ഇരുനൂറിലധികം ആളുകളെയാണ് ശനിയാഴ്‌ച മുതല്‍ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 227 ആളുകള്‍ സര്‍ക്കാര്‍ ആശുപത്രിയിലും 70 പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. എല്ലാവര്‍ക്കും ഓരേ രോഗലക്ഷണമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
അഞ്ച് പേരുടെ നില ഗുരുതരമാണ്. കോട്ടപേട്ട, എലുരു വെസ്റ്റ് സ്‌ട്രീറ്റ്, സൗത്ത് സ്ട്രീറ്റ്, ശനിവരപുപെട്ട, ആദിവരപുപെട്ട എന്നിവിടങ്ങളിലുള്ള ആളുകളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലകറക്കം, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സ ലഭിച്ചവര്‍ക്ക് രോഗം ഭേദമാകുന്നുണ്ടെന്നും 100 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതായും ഡോക്‌ടര്‍മാര്‍ അറിയിച്ചു. രോഗകാരണം ഇനിയും വ്യക്തമായിട്ടില്ല. ആരോഗ്യമന്ത്രി അല നാനി സാഹചര്യം വിലയിരുത്തുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും പ്രദേശത്ത് ആരംഭിച്ചു. പരിശോധന നടത്തുന്നതിനായി വിജയവാഡയില്‍ നിന്നും ആരോഗ്യവിദഗ്‌ധര്‍ പ്രദേശത്ത് എത്തുമെന്നും അധികൃതര്‍ അറിയിച്ചു.