ഭോപ്പാൽ: 200 കോടി രൂപയുടെ സർക്കാർ ഭൂമി വ്യാജ പാട്ടക്കരാർ വഴി വിൽക്കാൻ ശ്രമിച്ചതിന് ഭോപ്പാൽ ജില്ലാ കലക്ട്രറേറ്റിലെ മുൻ തൊഴിലാളിയായ ബാബുലാലിന് (62) ഭോപ്പാലിലെ പ്രാദേശിക കോടതി ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും ചുമത്തി. സ്‌പെഷ്യൽ ജഡ്ജി സഞ്ജീവ് പാണ്ഡെയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രധാന പ്രതികളായ സഞ്ജീവ് ബിസാരിയ, മായ ബിസാരിയ, പ്രീതി ബിസാരിയ, അൽപാന ബിസാരിയ, അമിത ബിസാരിയ, ശൈലേന്ദ്ര കുമാർ ജെയിൻ എന്നിവർക്ക് 10 വർഷം തടവും മൂന്ന് ലക്ഷം രൂപ വീതവും പിഴയും ചുമത്തി.
മറ്റ് രണ്ട് പ്രതികളായ രൂപശ്രീ ജെയിൻ, സാവിത്രിബായ് എന്നിവർക്ക് ഏഴു വർഷം തടവും രണ്ട് ലക്ഷം വീതം പിഴയും പത്താം പ്രതി അൻവർ ഖാന് അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. എല്ലാ പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ട്.
ഭോപ്പാൽ ജില്ലാ ജഡ്ജി രേണു ശർമയാണ് കേസ് ആദ്യം പരിഗണിച്ചത് . ഇതെതുടർന്ന് 2007ൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസിൽ പ്രത്യേകം അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഭൂമി തർക്കത്തെക്കുറിച്ച് കോടതിയിൽ ഹാജരാക്കിയ ചില പ്രബന്ധങ്ങൾ പ്രതികൾ വ്യാജമായി നിർമിച്ചവയായിരുന്നു.