ന്യൂഡൽഹി: പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അംഗം ബി. ആർ. ഗുപ്ത രാജിവെച്ചു. മാധ്യമങ്ങൾക്ക് വേണ്ടി വ്യക്തിപരമായോ കൂട്ടായോ സേവനമനുഷ്ഠിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും നിരന്തരം പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം പിസിഐയ്ക്കുണ്ട്. മാധ്യമ രംഗം കടുത്ത പ്രതിസന്ധിയിലാണ്. എന്നാൽ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ശ്രദ്ധേയമായ ഒന്നും തനിക്ക് ചെയ്യാൻ കഴിയുന്നില്ലെന്ന് സ്വയം തോന്നിയതായി അദ്ദേഹം പറഞ്ഞു.
പിസിഐ മാധ്യമങ്ങളെ പൂർണമായും പ്രതിനിധീകരിക്കുന്ന സ്ഥാപനമല്ല. അതുകൊണ്ട് തന്നെ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് അവരെ പുറത്തുകൊണ്ടുവരിക ശ്രമകരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ശമ്പളം വെട്ടിക്കുറയ്ക്കുക, തൊഴിൽ നഷ്ടം തുടങ്ങി സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നീതിക്കായി മാധ്യമപ്രവർത്തകർ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുപ്തയുടെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് പിസിഐ ചെയർമാൻ ജസ്റ്റിസ് സി കെ പ്രസാദ് അറിയിച്ചു. 2018 മെയ് 30 നാണ് ഗുപ്തയെ പിസിഐ അംഗമായി നിയമിച്ചത്.