ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ക്യാഷ് അറ്റ് ഹോം പദ്ധതിയുമായി പേടിഎം പെയ്‌മെന്‍ഡ് ബാങ്ക് ലിമിറ്റഡ് (പിപിബിഎല്‍). തലസ്ഥാന നഗരിയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും വികലാംഗര്‍ക്കുമായാണ് പേടിഎം പദ്ധതി ആരംഭിച്ചിരിക്കുന്നത്. പേടിഎം ആപ്പിലൂടെ പണം പിന്‍വലിക്കാനുള്ള അപേക്ഷ കൊടുത്താല്‍ പണം രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലെത്തിച്ചു നല്‍കുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദവും സ്വീകാര്യവുമാക്കുന്നതിനായാണ് പേടിഎം പുതിയ പദ്ധതികള്‍ ആരംഭിച്ചത്. നേരത്തെ ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്‌ഫര്‍ സൗകര്യവും ആരംഭിച്ചിരുന്നു. ഇതുവഴി ഉപയോക്താക്കള്‍ക്ക് നാനൂറോളം വരുന്ന സര്‍ക്കാര്‍ സബ്‌സിഡികളുടെ ആനുകൂല്യങ്ങള്‍ നേരിട്ട് പിപിബിഎല്‍ അക്കൗണ്ടിലേക്കെത്തുന്ന സൗകര്യവും ബാങ്ക് ഒരുക്കിയിരുന്നു. പേടിഎം ആപ്പിലൂടെ പിന്‍വലിക്കാവുന്ന ഏറ്റവും ചെറിയ തുക ആയിരവും കൂടിയ തുക 5000 രൂപയുമാണ്. പ്രായാധ്യകം, മോശം ആരോഗ്യവസ്ഥ എന്നിവ മൂലം എടിഎമ്മുകളിലോ, ബാങ്ക് ശാഖകളിലോ പോയി പണം പിന്‍വലിക്കാന്‍ കഴിയാത്തവര്‍ക്ക് ക്യാഷ് അറ്റ് ഹോം പദ്ധതി സഹായകമാണെന്ന് പേടിഎം സിഇഒ സതീഷ് കുമാര്‍ ഗുപ്‌ത പറഞ്ഞു.