ന്യൂഡല്‍ഹി: ലോക്ക് ഡൗണിനിടെ മെയ് മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ ചില്ലറ വില്‍പനയില്‍ 87 ശതമാനം ഇടിവ്. ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ സംഘടനയായ എഫ്എഡിഎയുടെ കണക്കു പ്രകാരമാണ് വില്‍പന 87 ശതമാനം ഇടിഞ്ഞ് 30,749 യൂണിറ്റിലെത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് കുറവ് കണക്കാക്കിയിരിക്കുന്നത്. 1435 റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ നിന്ന് ശേഖരിച്ച 1225 വാഹന രജിസ്‌ട്രേഷന്‍ ഡാറ്റ പ്രകാരമാണ് വിലയിരുത്തല്‍ നടത്തിയത്. 2019 മെയ് മാസത്തില്‍ വാഹന വില്‍പന 2,35,933 യൂണിറ്റായിരുന്നു.
ഈ വര്‍ഷം മെയ് മാസം ഇരുചക്ര വാഹനങ്ങളുടെ വില്‍പന 88.8 ശതമാനം കുറഞ്ഞ് 1,59,039 യൂണിറ്റിലെത്തി. അതേസമയം കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വില്‍പന 14,19,842 യൂണിറ്റായിരുന്നു. വാണിജ്യ വാഹന വിൽപ്പനയിൽ 96.63 ശതമാനം ഇടിഞ്ഞ് 2,711 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം 80,392 യൂണിറ്റ് ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ കുറവ്. മുച്ചക്ര വാഹനങ്ങളുടെ വില്‍പനയില്‍ 96.34 ശതമാനം ഇടിഞ്ഞ് 1,881 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 51,430 യൂണിറ്റായിരുന്നു. എല്ലാ കാറ്റഗറിയിലുമുള്ള വാഹനങ്ങളുടെ മൊത്ത വില്‍പന 88.87 ശതമാനം ഇടിഞ്ഞ് 2,02,697 യൂണിറ്റായി. 2019 മെയ് മാസത്തിൽ 18,21,650 യൂണിറ്റായിരുന്ന സ്ഥാനത്താണിത്. മെയ് അവസാനം വരെ രാജ്യത്ത് 26,500 ഔട്ട്‌ലെറ്റുകളില്‍ 60 ശതമാനം ഷോറൂമുകളും 80 ശതമാനം വർക്ക്‌ഷോപ്പുകളും പ്രവർത്തിച്ചു.
ജൂണിലെ ആദ്യ പത്ത് ദിവസങ്ങളില്‍ രാജ്യത്തുടനീളം നിരവധി ഡീലര്‍ഷോപ്പുകള്‍ തുറന്നിട്ടും വില്‍പന കുറവായിരുന്നുവെന്ന് എഫ്എഡിഎ പ്രസിഡന്‍റ് ആഷിഷ് ഹര്‍ഷരാജ് പറഞ്ഞു. കൊവിഡ് സമൂഹ വ്യാപനവും ,കേസുകളിലെ വര്‍ധനവും നഗര പ്രദേശങ്ങളിലെ ആളുകളെ വിപണിയിലെ വാങ്ങലുകളില്‍ നിന്ന് പിന്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 35 ശതമാനം വാര്‍ഷിക വളര്‍ച്ചാ തളര്‍ച്ചയാണ് ഈ വര്‍ഷമെന്നും എന്നാലിത് കഴിഞ്ഞ വര്‍ഷം 18 ശതമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡീലര്‍മാര്‍ പ്രതിസന്ധിയിലാണെന്നും ബിസിനസ് അതിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണെന്നും എഫ്എഡിഎ പ്രസിഡന്‍റ് പറഞ്ഞു.