ഭോപാല്‍: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെയുണ്ടായ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ ബി.ജെ.പിയ്‌ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. ബി.ജെ.പിയുടെ ഭിന്നിപ്പന്‍ നയവും ഗൂഡാലോചനയും വിജയിക്കില്ലെന്നും കോണ്‍ഗ്രസ് മുഴുവന്‍ ഒറ്റക്കെട്ടാണെന്നും നേതൃത്വം വ്യക്തമാക്കി. സംസ്ഥാനത്ത് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സഖ്യം ഒറ്റക്കെട്ടും സുരക്ഷിതവുമാണ്. ബി.ജെ.പിയുടെ ഭിന്നിപ്പന്‍ നയം വിജയിക്കില്ലെന്നും എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും ജനങ്ങളോടുള്ള ഉത്തരവാദിത്തവും കടമയും ധാർമ്മികതയും പരിഗണിക്കണമെന്നും മധ്യപ്രദേശ് കോൺഗ്രസ് യൂണിറ്റ് ട്വീറ്റ് ചെയ്‌തു.
ഇതിനിടെ ബെംഗളൂരുവില്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനായി നേതാക്കളായ സജ്ജന്‍ സിങിനെയും ഗോവിന്ദ് സിങിനെയും കോണ്‍ഗ്രസ് നേതൃത്വം ബെംഗളൂരുവിലേക്കയച്ചിട്ടുണ്ട്.വിമത എംഎൽഎമാരിൽ ഭൂരിഭാഗവും ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പമുള്ളവരാണ്. പാർട്ടിയിൽ സിന്ധ്യയെ അവഗണിക്കുന്നതിൽ അവർ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. 2018ല്‍ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തിലേറിയതിന് ശേഷം പാര്‍ട്ടികകത്ത് ആഭ്യന്തര പ്രശ്‌നങ്ങളാണ്.