അമരാവതി: കൊവിഡ് 19 രോഗത്തിനുള്ള ഒരേയൊരു മരുന്ന് പാരസെറ്റാമോള്‍ ആണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി. പ്രമേഹം, രക്ത സമ്മര്‍ദം, ആസ്‌മ, വൃക്ക രോഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്ക് കൊവിഡ് 19 മാരകമായ അവസ്ഥയിലേക്ക് പോകും. വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ല. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതിന്‍റെ ആഘാതം പ്രധാനമായും ബാധിക്കുന്നത്.
മറ്റുള്ളവരെ സംബന്ധിച്ച് അത്ര വലിയ അപകടാവസ്ഥ സൃഷ്ടിക്കില്ല. വൈറസ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് മനസിലായാല്‍ എത്രയും വേഗം അവരോട് അടുത്തിടപഴകുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. അതേസമയം തെരഞ്ഞെടുപ്പ് ആറ് ആഴ്ചത്തേക്ക് മാറ്റിവെക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തെ അപലപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
കൊവിഡ് 19 രോഗാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി നിരുത്തരവാദിത്തപരമായും അജ്ഞതയോടുമാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. തെലങ്കാന മുഖ്യമന്ത്രി കടകളും തിയേറ്ററുകളും അടച്ചിട്ടപ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഡി സംസാരിക്കുന്നത് പരിഭ്രാന്തി ആവശ്യമില്ലെന്ന മട്ടിലാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആന്ധ്രയില്‍ ഇതുവരെ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.