മുംബൈ: മഹാരാഷ്‌ട്രയിലെ പല്‍ഘറില്‍ കള്ളൻമാരാണെന്ന് സംശയിച്ച് ഗ്രാമവാസികൾ മൂന്ന് പേരെ മര്‍ദിച്ച് കൊലപെടുത്തിയ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. അസിസ്റ്റന്‍റ് പൊലീസ് ഇൻസ്‌പെക്ടര്‍ ആനന്ദറാവു കേൽ, അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്‌ടർ രവി ശാലുങ്കെ, കോൺസ്റ്റബിൾ നരേഷ് ദോഡി എന്നിവരെയാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്. സംഭവത്തെ തുടർന്ന് എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു.
മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പല്‍ഘര്‍ ജില്ലയില്‍ നിന്ന് സൂറത്തിലേക്ക് പോവുകയായിരുന്ന മൂന്ന് പേരെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുശല്‍ഗിരി മഹാരാജ് (35), നിലേഷ് തെല്‍ഗഡെ (30), ചിക്നെ മഹാരാജ് കൽപവ്രുക്ഷഗിരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് 154 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു