ഗാസിയാബാദ്: ഡല്‍ഹിയിലെ കലാപത്തിനും പൗരത്വ നിയമത്തിലെ അസ്വസ്ഥതകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനാണെന്ന് ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഇന്ത്യയിലെ സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്ന തരത്തില്‍ സിഎഎയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമേ ഈ നിയമം പൗരത്വം നല്‍കുന്നുള്ളൂവെന്നും ഒരു സമുദായത്തിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ഗാസിയാബാദിലെത്തിയ അദ്ദേഹം സിഎഎയെ പിന്തുണച്ചുകൊണ്ടാണ് സംസാരിച്ചത്. മിക്കവരും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസംഗിക്കുന്നത്. ഏതെങ്കിലും സമുദായത്തിന് എതിരെ നില്‍ക്കുന്ന ഏതെങ്കിലും ഒരു വ്യവസ്ഥയെങ്കിലും വിശദീകരിക്കാന്‍ കഴിയുമോ. ഈ നിയമം ആരുടേയും പൗരത്വം കവര്‍ന്നെടുക്കുന്നില്ല. മറിച്ച് പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്ത് സമാധാനം തകർക്കാൻ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. പാകിസ്ഥാന്‍റെ ദുരുദ്ദേശങ്ങള്‍ ഒരിക്കലും വിജയിക്കില്ല. പൊലീസ് അവരുടെ കടമ നിര്‍വഹിക്കുകയാണെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
കലാപത്തെത്തുടര്‍ന്ന് 42 പേരാണ് ഇതുവരെ മരിച്ചത്. 200 ലധികം പേര്‍ക്ക് പരിക്കേറ്റു. വീടുകളും കടകളും ഉള്‍പ്പെടെ വലിയ നാശനഷ്ടങ്ങളാണ് പലയിടത്തും സംഭവിച്ചത്. ഇതിന്‍റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു തുടങ്ങി.