മുസാഫര്‍നഗര്‍ (ഉത്തര്‍പ്രദേശ്): ഇന്ത്യക്കാരനെ വിവാഹം കഴിച്ച പാകിസ്ഥാന്‍ സ്വദേശിനിക്ക് 34 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പൗരത്വം ലഭിച്ചു. മുസാഫര്‍നഗറിലെ സുബേദ ബീഗമാണ് 34 വര്‍ഷത്തെ ഇന്ത്യയിലെ ജീവിതത്തിന് ശേഷം ഇന്ത്യന്‍ പൗരയാകുന്നത്. ഇതുവരെ ദീർഘകാല വിസയിലായിരുന്നു സുബേദയുടെ താമസം.
1960ൽ പാകിസ്ഥാനിലെ ഹൈദരാബാദിൽ ജനിച്ച സുബേദ ബീഗം 1985ൽ മുസാഫർനഗറിലെ യോഗേന്ദർപുർ സ്വദേശി സയ്യിദ് മുഹമ്മദ് സാവേദിനെ വിവാഹം കഴിച്ചാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിൽ ദീർഘകാല വിസക്ക് അപേക്ഷിച്ചെങ്കിലും അപേക്ഷ 10 വർഷത്തോളം സർക്കാരിൽ തുടർന്നു. ഒടുവിൽ, 1994ൽ സുബേദക്ക് വിസ ലഭിച്ചു. അതിനുശേഷം, വിസയുടെ കാലാവധി എല്ലാ വർഷവും നീട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ കഴിഞ്ഞ ആഴ്‌ചയാണ് സുബേദ ബീഗത്തിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. ഇനി വോട്ടർ പട്ടികയിൽ പേര് ചേര്‍ക്കാനും, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ നേടാനും സുബേദക്ക് യോഗ്യതയുണ്ട്.