ഇസ്ലാമാബാദ്: നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈനികർ വെടിനിർത്തൽ കരാര്‍ നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അഹ്‌ലുവാലിയെ പാകിസ്ഥാന്‍ വിളിച്ചുവരുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വെടിവെയ്‌പില്‍ 13 വയസുള്ള ആണ്‍കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ വിളിച്ച് വരുത്തിയതെന്ന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
നികിയാല്‍, രാഖിക്രി സെക്ടറുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്‌പിലാണ് അറുപതുകാരിയും 13 വയസുള്ള ആണ്‍കുട്ടിയും കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയിലും അതിര്‍ത്തിയിലുമുള്ള ഇന്ത്യന്‍ സൈന്യം സിവിലിയന്‍ പ്രദേശങ്ങളെ നിരന്തരം ലക്ഷ്യമിടുന്നതായും 2017 മുതല്‍ ഇന്ത്യന്‍ സൈന്യം 1970 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും മുഹമ്മദ് ഫൈസല്‍ ആരോപിച്ചു. 2003 ലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്നും നിയന്ത്രണ രേഖയിലും അതിർത്തിയിലും സമാധാനം നിലനിര്‍ത്തണമെന്നും വിദേശകാര്യ വക്താവ് ഇന്ത്യയോട് ആവശ്യപ്പെട്ടു.