ന്യൂഡല്‍ഹി: പാകിസ്ഥാനിലെ നങ്കാന സാഹിബിലുണ്ടായ അക്രമണ സംഭവങ്ങളിലൂടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഉമ്രാൻ ഖാന്‍റെ യഥാര്‍ഥ മുഖം വെളിപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ. പാകിസ്ഥാൻ തീവ്രവാദ രാജ്യമാണെന്നും രഹസ്യാന്വേഷണ ഏജൻസികൾക്ക് ആക്രമണത്തെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ലെന്നത് വിശ്വാസയോഗ്യമല്ലെന്നും ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനിലെ നങ്കാന സാഹിബിലെ സിഖ് ഗുരുദ്വാരക്ക് നേരെ അക്രമണമുണ്ടായത്.
ആക്രമണം നടത്തിയ കുറ്റവാളികളെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും കോൺഗ്രസിനെപ്പോലെ പാക് പ്രധാനമന്ത്രിയും മൗനം പാലിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിലൂടെ ചാരന്മാര്‍ രാജ്യത്ത് പ്രവേശിക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രസ്‌താവനയെയും ഹർസിമ്രത് കുറ്റപ്പെടുത്തി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കെജ്‌രിവാൾ മൊഗയിലെ ഖാലിസ്ഥാനി അനുഭാവിയുടെ വീട്ടിൽ താമസിക്കുകയും വിദേശ ഫണ്ട് സ്വീകരിക്കുകയും ചെയ്‌തിരുന്നതായി ഹർസിമ്രത് ആരോപിച്ചു. ഇത്തരം പ്രസ്‌താവനകൾ ഇറക്കുന്നതിന് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി കേന്ദ്രത്തെയും ഇന്ത്യൻ പൗരന്മാരെയും വിശ്വസിക്കണമെന്നും അവർ പറഞ്ഞു.