ന്യൂഡല്‍ഹി: പാകിസ്ഥാന്‍ അമുസ്‌ലീങ്ങള്‍ക്ക് ശ്‌മശാനഭൂമിയാണെന്ന് വിഎച്ച്‌പി അന്താരാഷ്‌ട്ര ജോയിന്‍റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍. പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളുടെ കൊലപാതകം, മുസ്ലീമല്ലാത്ത ജനങ്ങള്‍ക്ക് പീഡനം, ഹിന്ദുക്കളെ മതം മാറ്റുക തുടങ്ങി പാകിസ്ഥാനില്‍ അമുസ്‌ലീങ്ങള്‍ക്ക് നേരെ ആക്രമങ്ങള്‍ തുടര്‍കഥയാണെന്ന് സുരേന്ദ്ര ജെയിന്‍ വ്യക്തമാക്കി.
കൈബര്‍ പക്‌ത്വുന്‍ക്വ പ്രവിശ്യയിലെ കരക് ജില്ലയില്‍ ബുധനാഴ്‌ച തീവ്ര ഇസ്ലാമിക പാര്‍ട്ടിയിലെ 30 അംഗങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ടെറി ഗ്രാമത്തിലെ ക്ഷേത്രം തകര്‍ത്തിരുന്നു. പാകിസ്ഥാന്‍ ഇതുവരെ മാറിയിട്ടില്ലെന്നും മാറിയിരുന്നെങ്കില്‍ റാലി തടയുമായിരുന്നുവെന്നും വിഎച്ച്പി നേതാവ് പറഞ്ഞു. ഇങ്ങനെ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ ഹിന്ദുക്കളും മുസ്‌ലിങ്ങള്‍ അല്ലാത്ത ജനങ്ങളും എവിടെ പോകുമെന്നും അവര്‍ക്കുള്ള ഏക സ്ഥലം ഇന്ത്യയാണെന്നും രാജ്യത്തേക്ക് സ്വാഗതം ചെയ്യാമെന്നും വിഎച്ച്പി നേതാവ് വ്യക്തമാക്കി. അതേസമയം ഇന്ത്യയിലെ ഒരുവിഭാഗം സിഎഎയെ എതിര്‍ക്കുന്നുവെന്നും ഇത്തരം സന്ദര്‍ഭത്തില്‍ ഇവര്‍ നിലപാട് മാറ്റുകയാണ് വേണ്ടതെന്നും സുരേന്ദ്ര ജെയിന്‍ പറഞ്ഞു.