ജമ്മു: പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവെപും ഷെല്ലാക്രമണവും നടത്തി. ചൊവ്വാഴ്ചയാണ് സംഭവം. കുപ്‌വാര ജില്ലയിലെ തങ്ദാർ സെക്‌ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്‌താൻ ഷെല്ലാക്രമണത്തിൽ 60കാരൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വെടിനിർത്തൽ ലംഘനം നടന്നത്.
ഷെല്ലാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെതിരെ തിരിച്ചടിച്ചതായും സംഭവത്തിൽ ആർക്കും പരിക്കുകൾ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഫെബ്രുവരി രണ്ടിന് പാകിസ്ഥാൻ സൈന്യം പൂഞ്ചിലെ ബാലകോട്ട്, മെൻഡാർ സെക്‌ടറുകളിലെ ഫോർവേഡ് പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കും നേരെ ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ പ്രദേശത്തെ മൂന്ന് വീടുകൾക്ക് നാശനഷ്‌ടമുണ്ടായിരുന്നു.