ന്യൂഡൽഹി: വിവാദ ട്വീറ്റുകളെ ന്യായീകരിച്ച് കൊണ്ടുള്ള പ്രശാന്ത് ഭൂഷന്‍റെ മറുപടി വായിക്കുക വേദനാജനകമാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര. കോടതി അലക്ഷ്യ കേസ് നിലനിൽക്കുന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്‍റെ ശിക്ഷാവിധി സംബന്ധിച്ച വാദം കേൾക്കുന്നതിനിടെയാണ് മിശ്രയുടെ പരാമർശം. 30 വർഷത്തിലേറെ പ്രവൃത്തി പരിചയമുള്ള ഭൂഷനെപ്പോലൊരാൾ പറയുന്ന കാര്യങ്ങൾ ജനങ്ങൾ ഉടൻ വിശ്വസിക്കുമെന്നും ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മറ്റേതൊരാളെക്കാളും ഭൂഷൺ പറയുന്നതെല്ലാം ശരിയാണെന്ന് ആളുകൾ ചിന്തിക്കും. ഭൂഷൺ എന്തെങ്കിലും പറയുമ്പോൾ അതിന് പ്രതിചലനങ്ങളുണ്ടാകുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ഒരു രാഷ്ട്രീയക്കാരനും കോടതിയിലെ ഉദ്യോഗസ്ഥനും തമ്മിൽ വ്യത്യാസമുണ്ട്. ഇന്ന് ആളുകൾ വാർത്താമാധ്യമങ്ങളിൽ പോയി സബ് ജുഡീസ് കാര്യങ്ങളിൽ അഭിപ്രായങ്ങൾ നൽകുന്നു. ഭൂഷനെക്കുറിച്ച് താൻ ഒരു അഭിപ്രായവും പറയുന്നില്ലെന്നും ഈ ദിവസങ്ങളിൽ ഇവിടെ സംഭവിച്ച കാര്യങ്ങൾ മാത്രമാണ് കൂട്ടിചേർക്കുന്നതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. പലരും സുപ്രീം കോടതിയെ വിമർശിച്ചിട്ടുണ്ടെന്നും എന്നാൽ എത്രപേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു.
അതേസമയം അദ്ദേഹത്തിനെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് പറയാനുള്ളത് പൂർണമായും കോടതി കേൾക്കേണ്ടതുണ്ടെന്ന് പ്രശാന്ത് ഭൂഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. ഭൂഷനെതിരെ 2009 മുതൽ മറ്റൊരു കോടതി അലക്ഷ്യ കേസ് നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ വാദം കേൾക്കൽ പുരോഗമിക്കുകയാണ്.