ന്യൂഡൽഹി: പരിസ്ഥിതി സ്നേഹം വാക്കുകളിലൊതുങ്ങാതെ തന്‍റെ ജീവിതം വനവത്ക്കരണത്തിനും പരിസ്ഥിതി പ്രവർത്തനത്തിനും നീക്കിവെക്കുകയായിരുന്നു തുളസി ഗൗഡ. ആറു പതിറ്റാണ്ടിന്‍റെ ഈ അധ്വാനത്തിന് രാജ്യം ഈ വർഷം പത്മശ്രീ നൽകി അവരെ ബഹുമാനിച്ചിരിക്കുകായാണ്. കർണാടകയിൽ അങ്കോളയിൽ പിന്നാക്ക വിഭാഗത്തിൽ ജനിച്ച് കടുത്ത ദാരിദ്രത്തിലാണ് തുളസി ഗൗഡ വളർന്നത്. തെറ്റായ വികസന നയങ്ങളാല്‍ തന്‍റെ ഗ്രാമത്തിൽ വന നശീകരണം വർദ്ധിച്ചതോടെ അവർ പ്രതികരിക്കാൻ ആരംഭിച്ചു. തന്‍റെ ജില്ലയിൽ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളിയായി. പ്രകൃതി സ്നേഹവും സേവനവും കണക്കിലെടുത്ത് ഇവർക്ക് വനം വകുപ്പ് ജോലി നൽകി. 14 വർഷം ഔദ്യോഗിക ജോലിയിൽ തുടർന്നു. തീരദേശ കർണാടകയിൽ സ്ഥിതിചെയ്യുന്ന അങ്കോള താലൂക്കിൽ 1,00,000 മരങ്ങളാണ് ഇവര്‍ അവർ ഒറ്റയ്ക്ക് നട്ടുപിടിപ്പിച്ചത്.
കാട്ടറിവിന്‍റെ വിജ്ഞാന കോശം എന്നാണ് ഇവർ അറിയപ്പെടുന്നത്. താൻ വളർത്തിയ ചെടികളും അവയുടെ വളർച്ചാ ഘട്ടങ്ങളും ഇവർക്ക് കാണാപാഠമാണ്. സസ്യങ്ങൾക്കാവശ്യമായ കാലാവസ്ഥ, വെള്ളം തുടങ്ങി സസ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട് അഗാധമായ അറിവാണ് തുളസിയുടെ കൈമുതൽ. ജനങ്ങൾക്കിടയിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും തുളസി പ്രവത്തിച്ചുകൊണ്ടേയിരുന്നു. ഔപചാരിക വിദ്യാഭ്യാസം പോലും നേടാതെ ദാരിദ്രത്തോട് പടവെട്ടി പരിസ്ഥിതിക്കായി ഒരായുസ് മാറ്റിവച്ചതിന് 72-ാം വയസിൽ രാജ്യത്തിന്‍റെ ആദരം ലഭിക്കുമ്പോഴും ലാഭേച്ഛ ഇല്ലാതെ അവർ പ്രവർത്തനങ്ങൾ തുടരുകയാണ്.