ലക്നൗ: ഉത്തർപ്രദേശില്‍ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയിലെ (പിഎസി) ഉദ്യോഗസ്ഥൻ സ്വന്തം സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിവച്ച് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പിഎസിയുടെ പതിനഞ്ചാമത്തെ ബറ്റാലിയനിലെ അംഗമായ യോഗേഷ് ശർമ (22) ആണ് ആത്മഹത്യ ചെയ്‌തത്. പ്രഭാത വ്യായാമത്തിനായി ഇറങ്ങിയ മറ്റ് സൈനിക ഉദ്യോഗസ്ഥരാണ് യോഗേഷ് ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയെങ്കിലും മരണകാരണം വ്യക്തമല്ല.
മഥുരയിലെ ഗവർദ്ദാൻ സ്വദേശിയായ യോഗേഷ് ശർമ കഴിഞ്ഞ വർഷമാണ് സേനയിൽ പ്രവേശിക്കുന്നത്. രാത്രിയില്‍ യോഗേഷ് ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. അതേസമയം ഡ്യൂട്ടിക്കിടയില്‍ ടോയ്‌ലറ്റിലേക്ക് പോയ യോഗേഷ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.