ന്യൂഡൽഹി: ഗൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള അതിർത്തിയിലെ ഏറ്റുമുട്ടലിൽ സർക്കാറിന്‍റെ നിശബ്ദതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യ-ചൈന അതിർത്തിയുടെ ഉപഗ്രഹ ചിത്രങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പങ്ക് വെച്ചാണ് അദേഹം കേന്ദ്രത്തോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
ഇന്ത്യ-ചൈന അതിർത്തിയിൽ 2020 മെയ് 22 നും ജൂൺ 22 നും ഇടയിൽ വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ച് ചിദംബരം ട്വീറ്റ് ചെയ്തു. ഗാൽവാനിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം ഗാൽവാൻ നദിയുടെ ഗതി വഴിതിരിച്ചുവിടുന്നതായുള്ള ഉപഗ്രഹ ചിത്രങ്ങൾ അദേഹം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു. ഇതിനോടൊപ്പം ബിജെപി പ്രസിഡന്‍റ് ജെപി നദ്ദയോടും അദേഹം ചോദ്യങ്ങൾ ഉന്നയിച്ചു.
നദ്ദയോട് യാഥാർഥ്യം തിരിച്ചറിയണമെന്നും ഇന്ത്യൻ പ്രദേശത്തേക്ക് ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും മുൻ ധനമന്ത്രി ട്വീറ്റ് ചെയ്തു. രാജീവ് ഗാന്ധി ഫൗണ്ടെഷൻ 20 ലക്ഷം രൂപ തിരികെ നൽകുകയാണെങ്കിൽ ചൈന അതിക്രമങ്ങൾ ഒഴിവാക്കി സ്ഥിതി പുനസ്ഥാപിക്കുമെന്ന് മോദിക്ക് ഉറപ്പ് നൽകാൻ കഴിയുമൊ എന്നും അദേഹം ചോദിച്ചു.
2005-2006,2007-2008 വർഷങ്ങളിൽ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടെഷനിലേക്ക് ഫണ്ട് സംഭാവന ചെയിതുട്ടുള്ളതായി ബിജെപി പ്രസിഡന്‍റ് ജെപി നദ്ദ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.