ഹൈദരാബാദ്: തെലങ്കാനയില്‍ 7 കോടിയിലധികം രൂപയുടെ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നായി 2500ലധികം ആളുകളെയാണ് റാക്കറ്റിലെ അംഗങ്ങള്‍ കബളിപ്പിച്ചത്. യുകെ ആസ്ഥാനമായ കമ്പനിയെന്ന വ്യാജ പേരില്‍ സ്വന്തമായി വെബ്‌സൈറ്റും ആപ്പും തയ്യാറാക്കിയായിരുന്നു ഇവരുടെ തട്ടിപ്പ്. കമ്പനിയിലെ ഡയറക്‌ടര്‍മാരായി വിദേശികളുടെ വ്യാജ ഫോട്ടോയും ഇവര്‍ പ്രചരിപ്പിച്ചിരുന്നുവെന്ന് സൈബറാബാദ് പൊലീസ് കമ്മീഷണര്‍ വിസി സജ്ജ്‌നാര്‍ പറഞ്ഞു.
പ്രതികള്‍ ഉപഭോക്താക്കളെ കബളിപ്പിക്കാനായി രണ്ട് യുകെ നമ്പറുകളും ഉപയോഗിച്ചിരുന്നു. കമ്പനിയില്‍ 10,000 മുതല്‍ 1 ലക്ഷം വരെ നിക്ഷേപം നടത്താനാണ് ഇവര്‍ നിക്ഷേപകരോട് നിര്‍ദേശിച്ചിരുന്നത്. നിക്ഷേപിച്ച തുകയുടെ അഞ്ച് ശതമാനം 60 ദിവസം വരെ കമ്മീഷനായി ഇവര്‍ നല്‍കുമെന്ന വാഗ്‌ദാനവും നല്‍കിയിരുന്നു. പ്രതികള്‍ ആദ്യഘട്ടത്തില്‍ കമ്മീഷന്‍ നല്‍കിയിരുന്നുവെങ്കിലും ശേഷിക്കുന്നവരെ കബളിപ്പിക്കുകയുമായിരുന്നു. ഹൈദരാബാദ് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികളെ വിശാഖപട്ടണത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.