ന്യൂഡൽഹി : സ്വച്ച് ഭാരത് മിഷനിലൂടെ രാജ്യത്തെ നാലായിരത്തിലധികം നഗരങ്ങൾ പൊതുയിടങ്ങളിലെ മലമൂത്രവിസർജനത്തിൽ നിന്ന് പൂർണമായും മുക്തമായതായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം. "നിലവിൽ രാജ്യവ്യാപകമായി 4200 നഗരങ്ങൾ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്, ചില നഗരങ്ങൾ ഇപ്പോഴും പിന്നിലാണ്. എന്നാൽ വരുന്ന ഒക്ടോബർ രണ്ടിനുള്ളിൽ ഇന്ത്യയിലെ എല്ലാ നഗരങ്ങളും പൊതുയിടങ്ങളിലെ മലമൂത്രവിസർജനത്തിൽ നിന്ന് പൂർണമായും മുക്തമായതായി പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഭവന നഗരകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വി.കെ ജിൻദാൽ ഇടിവി ഭാരതിനോട് പറഞ്ഞു. സ്വച്ച് ഭാരത് മിഷന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരിൽ പ്രധാനിയാണ് ഇദ്ദേഹം.
മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് സ്വച്ച് ഭാരത് മിഷനിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. അതേസമയം ബീഹാർ, ഗോവ, ഒഡീഷ, വെസ്റ്റ് ബംഗാൾ, എന്നീ സംസ്ഥാനങ്ങൾ ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും വി.കെ ജിൻദാൽ കൂട്ടിച്ചേർത്തു.
ബിൽ ആൻഡ് മെലിൻഡ എന്ന അന്താരാഷ്ട്ര ഏജൻസി നടത്തിയ പഠനത്തിൽ ശുചിമുറി ഉപയോഗിക്കാത്തവർ ഏറ്റവും കൂടുതൽ ഉള്ളത് ഒഡീഷയിലാണ്. കേവലം 23 ശതമാനം പേർ മാത്രമാണ് അവിടങ്ങളിൽ ശുചിമുറികൾ ഉപയോഗിക്കുന്നത്. ബീഹാറിലെ കാര്യങ്ങളും സമാനമാണ്.