മുംബൈ: കൊവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ ഇതുവരെ മുംബൈയില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞത് 15 ലക്ഷത്തിലധികം ആളുകൾ. ഇവരിൽ 5.34 ലക്ഷം പേരെ ഉയർന്ന അപകടസാധ്യതയുള്ള കോൺടാക്റ്റുകളായി തിരിച്ചറിഞ്ഞതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. ഇതുവരെ 13.28 ലക്ഷം പേർ 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. നിലവിൽ 2.46 ലക്ഷം പേർ ഹോം ക്വാറന്‍റൈനിലും 14,288 പേര്‍ സ്ഥാപന ക്വാറന്‍റൈനിലും കഴിയുന്നുണ്ടെന്നും ബിഎംസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.
സ്ഥാപന ക്വാറന്‍റൈനില്‍ കഴിയുന്നവരില്‍ 11,409 പേര്‍ 328 കൊവിഡ് കെയര്‍ സെന്‍ററുകളിലാണുള്ളത്. 50,000 കിടക്കകൾ വരെയുളള കേന്ദ്രങ്ങളാണിവ. 2,879 പേര്‍ 57 കൊവിഡ് കെയര്‍ സെന്‍ററുകളിലാണ് കഴിയുന്നത്. ഇവിടെ 6,100ലധികം കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ആളുകളെ ക്വാറന്‍റൈനില്‍ പാര്‍പ്പിക്കുന്നതിനായി നിരവധി ഹോട്ടലുകൾ, ഹാളുകൾ, ഗസ്റ്റ് ഹൗസുകൾ, ജിംഖാനകൾ തുടങ്ങിയവ ഏറ്റെടുത്തിട്ടുണ്ടെന്ന് ബിഎംസി അറിയിച്ചു. ഒന്നോ അതിലധികമോ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 6,552 കെട്ടിടങ്ങൾ അടപ്പിച്ചു. 752 പ്രദേശങ്ങൾ കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം മുംബൈയിൽ 85,326 കൊവിഡ് കേസുകളും 4,935 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.