ന്യൂഡൽഹി: ജനാധിപത്യം, തെരഞ്ഞെടുപ്പ് പ്രക്രിയ, വോട്ടർമാർ എന്നിവ രാജ്യത്തിന്‍റെ അഭിമാനമാണെന്ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്. പത്താം ദേശീയ വോട്ടർ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം, തെരഞ്ഞെടുപ്പ് പ്രക്രിയ, വോട്ടർമാർ എന്നിവരാണ് നമ്മളുടെ അഭിമാനം. വോട്ടർമാരുടെ പങ്കാളിത്തത്തിലൂടെ ജനാധിപത്യം ശക്തിപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ജനാധിപത്യവും തെരഞ്ഞെടുപ്പ് സമ്പ്രദായവും സ്വിറ്റ്സർലൻഡ്, ഐസ്ലാൻഡ് തുടങ്ങി വിവിധ രാജ്യങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ പങ്കാളിത്തം ജനാധിപത്യത്തിലുള്ള വിശ്വാസം ഉയർത്തുന്നു. എന്നിരുന്നാലും, ഇന്നും വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യം മനസ്സിലാകാത്ത പൗരന്മാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ പോളിങ് ഓഫീസുകളിലും ദേശീയ വോട്ടർ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ അശോക് ലവാസ, സുശീൽ ചന്ദ്ര, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 'ബിലീഫ് ഇൻ ബാലറ്റ്-2; 'ദി സെഞ്ചേനേറിയൻ വോട്ടേഴ്‌സ്: സെന്‍റിനൽസ് ഓഫ് അവർ ഡെമോക്രസി' എന്ന പുസ്തകം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രസിഡന്‍റ് രാം നാഥ് കോവിന്ദിന് സമ്മാനിച്ചു.