ന്യൂഡല്‍ഹി: കൊവിഡ് മരണനിരക്ക് കുറക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധൻ. നേരത്തെ രോഗം കണ്ടെത്തുന്നതിലൂടെയും ഫലപ്രദമായ ചികിത്സ നല്‍കിയും കൊവിഡ് മരണങ്ങൾ കുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാരുടെ 18-ാമത് ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കർശനമായ നിയന്ത്രണ നടപടികളിലൂടെയും നിരീക്ഷണത്തിലൂടെയും കൊവിഡിനെ കൈകാര്യം ചെയ്യും. പരിശോധനകൾ വര്‍ധിപ്പിക്കുകയും മറ്റ് രോഗങ്ങളുള്ള പ്രായമായവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യും. ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തുന്നതിനും മറ്റും ആരോഗ്യ സേതു പോലുള്ള ആപ്പുകളുടെ സഹായം പ്രയോജനപ്പെടുത്തുമെന്നും ഹര്‍ഷ് വര്‍ധൻ പറഞ്ഞു.
രാജ്യത്തെ 86 ശതമാനം കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവിടങ്ങളിലെ 32 ജില്ലകളിലാണ് 80 ശതമാനമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20047 വെന്‍റിലേറ്ററുകൾക്കൊപ്പം 3,77,737 ഐസൊലേഷൻ കിടക്കകൾ (ഐസിയു പിന്തുണയില്ലാത്തത്), 39820 ഐസിയു കിടക്കകൾ, 142415 ഓക്സിജൻ പിന്തുണയുള്ള കിടക്കകൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സർക്കാർ യോഗത്തിൽ പറഞ്ഞു. 213.55 ലക്ഷം എൻ95 മാസ്‌കുകളും 120.94 പിപിഇ കിറ്റുകളും 612.57 ലക്ഷം എച്ച്സിക്യു ഗുളികകളും ഇതിനോടകം വിതരണം ചെയ്‌തു.