ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച ബിജെപിക്കെതിരെ ഡല്‍ഹിയില്‍ പ്രതിപക്ഷ റാലി സംഘടിപ്പിക്കുന്നത്. സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാവും ജന്തര്‍ മന്തറിലേക്കുള്ള റാലി.
"രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്നത് ഓരോ പൗരന്‍റെയും കടമയാണ്. കോടിക്കണക്കിന് വരുന്ന സ്വാതന്ത്ര്യസമര സേനാനികള്‍ ജീവന്‍ നല്‍കി നേടിത്തന്ന സ്വാതന്ത്ര്യത്തെ മോദി - ഷാ കൂട്ടുകെട്ട് തകര്‍ക്കുകയാണ് ചെയ്യുന്നത്." റാലിയെപ്പറ്റി വിശദീകരിക്കവെ ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. ബിജെപിയോട് സഹകരിക്കാത്ത മറ്റെല്ലാ പാർട്ടികളെയും തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ് ബിജെപി ചെയ്യുന്നത്. ഇത് ജനാധിപത്യവ്യവസ്ഥിതിക്ക് എതിരാണെന്നും ഗോപാൽ റായ് കൂട്ടിച്ചേർത്തു. ബിജെപിയുമായി ബന്ധമില്ലാത്ത പാര്‍ട്ടികളില്‍ നിന്നുള്ള പ്രമുഖ നേതാക്കളും റാലിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.