ന്യൂഡൽഹി: പാർലമെൻ്റ് പാസാക്കിയ കാർഷിക ബില്ല് സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ചർച്ച നടത്താൻ പ്രതിപക്ഷ പാർട്ടികൾക്ക് അനുമതി. വൈകുന്നേരം അഞ്ച് മണിക്കാണ് കൂടിക്കാഴ്ച. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ച് പേർക്ക് മാത്രമാണ് രാഷ്ട്രപതിയെ കാണാൻ അനുമതി.
അതേസമയം പാർലമെന്‍റില്‍ കാർഷിക ബില്ല് പാസാക്കിയതിനെതിരെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദിന്‍റെ വീട്ടിൽ പ്രതിപക്ഷ പാർട്ടികൾ കൂടി ആലോചനകൾ നടത്തി. ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. രാജ്യസഭയിൽ നിന്നും ഇറങ്ങി പോയ പ്രതിപക്ഷം പാർലമെൻ്റ് മന്ദിരത്തിനുള്ളിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമരം നടത്തി. പ്രതിപക്ഷ അഭിപ്രായങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്സഭ സമ്മേളനവും ബഹികരിച്ചു. സഭയിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ച് എട്ട് എംപിമാരെ രാജ്യസഭ ചെയർമാൻ എം. വെങ്കയ്യ നായിഡു സസ്‌പെൻഡ് ചെയ്തിരുന്നു.