ന്യൂഡൽഹി: ചൊവ്വാഴ്ച്ച പ്രതിപക്ഷ നേതാക്കൾ രാജ്യസഭയിൽ നിന്നും ഇറങ്ങിപോയി പാർലമെന്‍റ് പരിസരത്തെ ഗാന്ധി പ്രതിമയുടെ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. എട്ട് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം ഉയർത്തിയാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി), ശിവസേന, തൃണമൂൽ കോൺഗ്രസ് (ടിഎംസി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്നിവയിലെ നേതാക്കൾ പ്രതിഷേധവുമായി എത്തിയത്. മൂന്ന് ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കുന്നതുവരെ ബഹിഷ്‌കരണം തുടരുമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്യുന്ന ഫോർമുല പ്രകാരം എം.എസ്.പി. നിശ്ചയിക്കുക, എം.എസ്.പിക്ക് കീഴിൽ വിളകൾ വാങ്ങാൻ ഒരു സ്വകാര്യ കമ്പനിയെയും അനുവദിക്കാത്ത രീതിയിൽ പുതിയ ബിൽ പാസാക്കുക, എഫ്‌സിഐ പോലുള്ള സർക്കാർ ഏജൻസികൾ എംഎസ്‌പിക്കു താഴെ വിളകൾ വാങ്ങരുത് എന്നിവയാണ് തങ്ങളുടെ ആവശ്യങ്ങളെന്ന് അദ്ദേഹം കൂട്ടിചേർത്തു.
നേരത്തെ സഭയിൽ രാജ്യസഭ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു പ്രതിപക്ഷ നേതാക്കളോട് പുനർവിചിന്തനം നടത്താനും ആത്മപരിശോധന നടത്താനും ചർച്ചകളിൽ പങ്കെടുക്കാൻ സഭയിലേക്ക് മടങ്ങണമെന്നും അഭ്യർഥിച്ചിരുന്നു. എട്ട് അംഗങ്ങളുടെ സസ്പെൻഷൻ സന്തോഷമുളവാക്കുന്നതല്ലെന്നും അവരുടെ പെരുമാറ്റത്തിനെതിരെയാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു. കാർഷിക ബിൽ 2020നെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ അതിക്രമിച്ച് കയറി ഡെപ്യൂട്ടി ചെയർമാന്‍റെ സീറ്റിൽ എത്തിയപ്പോൾ രാജ്യസഭ അക്രമാസക്തമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. ഇതേതുടർന്ന് തിങ്കളാഴ്ച്ച എട്ട് എംപിമാരെ രാജ്യസഭ ചെയർമാൻ സസ്പെൻഡ് ചെയ്തിരുന്നു. കാർഷിക ബില്ല് ലോക്സഭയിൽ ശബ്‌ദ വോട്ടിലൂടെ പാസാക്കിയിരുന്നു.