ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ വിഷയത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ സെക്രട്ടറി ആർ പി സിംഗ്. അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഡൽഹിയില്‍ അന്തരീക്ഷ മലിനീകരണം ഇത്രയും മോശമായ അവസ്ഥയിൽ എത്തിച്ചതെന്ന് ആര്‍ പി സിംഗ് ആരോപിച്ചു. സംസ്ഥാനത്തെ മുഴുവൻ റോഡുകളും വൺവേയാക്കി മാറ്റുന്നതുൾപ്പെടെ നിരവധി നടപടികളിലൂടെ മലിനീകരണം നിയന്ത്രിക്കാൻ കഴിയുമെന്ന് ആര്‍ പി സിംഗ് ഇടിവി ഭാരതിനോട് പറഞ്ഞു.
പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഡൽഹിയിലെ മലിനീകരണ പ്രശ്‌നങ്ങൾ പ്രധാനമായും മന്ദഗതിയിലുള്ള ഗതാഗതവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ സംസ്ഥാന സർക്കാർ ഇതിന് പരിഹാരം കാണുന്നില്ലെന്ന് മാത്രമല്ല മലിനീകരണം രാഷ്ട്രീയവൽക്കരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സിംഗ് പറഞ്ഞു.സ്മോഗ് ടവറുകൾ സ്ഥാപിക്കാനും റോഡുകൾ റെഡ് ലൈറ്റ് രഹിതമാക്കാനും പുതിയ നടപടികൾ പരീക്ഷിക്കാനും ആം ആദ്‌മി സർക്കാർ വിമുഖത കാണിക്കുന്നുവെന്നും സിംഗ് കുറ്റപ്പെടുത്തി.
മലിനീകരണം നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാരിന്‍റെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോൾ ദില്ലി, യുപി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ സംസ്ഥാന സർക്കാരിന് ആവശ്യമായ പിന്തുണ നൽകിയതായി സിംഗ് പറഞ്ഞു. കേന്ദ്രം ഫണ്ട് അനുവധിച്ചിണ്ടെന്നും നടപടിയെടുക്കാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് കേന്ദ്രം തയ്യാറാണ്. പക്ഷേ അതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും ആർ പി സിംഗ് പറഞ്ഞു.
അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് നോയിഡ, ഗാസിയാബാദ്, ദില്ലി എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുരുഗ്രാമിൽ താമസിക്കുന്ന ആളുകൾക്ക് വിഷവാതകം ശ്വസിക്കുന്നത് മൂലം ശ്വാസ തടസം, അലർജി എന്നിവ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് ഈ പ്രദേശത്ത് കടുത്ത മൂടൽമഞ്ഞുണ്ടാവാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.