ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾക്കുള്ള ഓൺലൈൻ നാമനിർദേശങ്ങൾ നാളെ വരെ സമർപ്പിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021ലേക്കുള്ള നോമിനേഷനുകളും ശുപാർശകളും ഓൺലൈനായി ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ സമർപ്പിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരങ്ങളാണ് പത്മ പുരസ്‌കാരങ്ങൾ. 1954ൽ ആരംഭിച്ച ഈ അവാർഡുകൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, മെഡിസിൻ, സാമൂഹ്യ സേവനം, എഞ്ചിനീയറിങ്, സിവിൽ സർവീസ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ അസാധാരണവുമായ സേവനങ്ങൾക്കും നേട്ടങ്ങൾക്കുമാണ് പത്മ പുരസ്‌കാരങ്ങൾ നൽകുന്നത്.
പത്മ പുരസ്‌കാരങ്ങൾ ജനങ്ങളുടെ പുരസ്‌കാരമായി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനാൽ പൗരന്മാർ നാമനിർദേശങ്ങളും ശുപാർശകളും രേഖപ്പെടുത്തണമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.