ലക്‌നൗ: ഔറയ്യ റോഡപകടവുമായി ബന്ധപ്പെട്ട് എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. ഉത്തർപ്രദേശിലെ ഔറയ്യയിൽ ശനിയാഴ്‌ച ട്രക്കുകള്‍ കൂട്ടിയിടിച്ച് 26 കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിലാണ് നടപടി. കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌പി, എസ്‌ഐ രാംജീത് സിംഗ്, കോൺസ്റ്റബിൾ പുനു ലാൽ, ശിവ്പാൽ, വിജയ് സിംഗ്, പ്രവീൺ കുമാർ, ശേഖർ സിദ്ധാർഥ്, അൻഷു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
അപകടം നടന്ന എൻഎച്ച് 2 ഹൈവേയിലെ അനന്ത് റാം ടോൾ പ്ലാസയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ് ഇവർ. അഡിഷണൽ പൊലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിതാണ് കേസന്വേഷണം നടത്തുന്നത്. അപകടത്തിന് ശേഷം രണ്ട് സ്റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്‌തിരുന്നു. ട്രക്കുകൾ പോലുള്ള സുരക്ഷിതമല്ലാത്ത വാഹനങ്ങളിൽ ആരും യാത്ര ചെയ്യരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.