ശ്രീനഗര്‍: ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൂടി കൊല്ലപ്പെട്ടു. ലഷ്‌കർ-ഇ-തൊയ്‌ബ (എൽഇടി) തീവ്രവാദികളുടെ ആക്രമണത്തിന് ശേഷം ക്രേരി പ്രദേശത്ത് സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ തീവ്രവാദിയാണിത്. രണ്ട് സിആർപിഎഫ് ജവാനും ഒരു ജമ്മു കശ്മീർ പൊലീസുകാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട മൂന്ന് തീവ്രവാദികളിൽ രണ്ട് പേർ ലഷ്‌കർ ഇ തോയിബ കമാൻഡർമാരായ സജാദ് അലിയാസ് ഹൈദർ, ഉസ്മാൻ എന്നിവരാണ്. യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച ഭീകരനാണ് ഹൈദര്‍. പൊലീസുകാര്‍, രാഷ്ട്രീയ പ്രവർത്തകർ, സാധാരണക്കാര്‍ എന്നിവർക്കെതിരായ ആക്രമണങ്ങളിൽ പ്രധാന പങ്കാളിയുമായിരുന്നു ഇയാള്‍.
ജമ്മു കശ്മീർ പൊലീസ് ആയുധങ്ങളും വെടിക്കോപ്പുകളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ സുരക്ഷാ സേനയ്‌ക്കെതിരായ മൂന്നാമത്തെ ആക്രമണമാണിത്. വെള്ളിയാഴ്‌ച ശ്രീനഗറിലെ നൗഗാം പ്രദേശത്ത് ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തതിനെ തുടർന്ന് രണ്ട് പൊലീസുകാർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഓഗസ്റ്റ് 12 ന് സോപോറിലെ ഹൈഗാം പ്രദേശത്ത് നടന്ന ആക്രമണത്തിലും ഒരു സൈനികന് പരിക്കേറ്റിരുന്നു.