ശ്രീനഗർ: ജമ്മു കശ്മീരിൽ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. മിറാൻ സാഹിബ് പ്രദേശത്ത് താമസിക്കുന്ന 62 വയസുകാരിയാണ് മരിച്ചത്. ഇതോടെ ജമ്മു കശ്മീരിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37 ആയി. മെയ് 25ന് കൊവിഡ് സ്ഥിരീകരിച്ച ഇവരുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. സ്ത്രീയുടെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ജമ്മു ഡിവിഷനിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണിവർ.
ഏപ്രിൽ ഒമ്പതിന് ഉദാംപൂർ ജില്ലയിൽ നിന്നുള്ള 61 വയസുകാരിയുടെ മരണത്തോടെയായിരുന്നു ജമ്മു കശ്മീരിൽ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 3,324 കൊവിഡ് കേസുകളാണ് കേന്ദ്ര ഭരണപ്രദേശത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,515 കേസുകൾ കശ്മീരിൽ നിന്നും 809 കേസുകൾ ജമ്മുവിൽ നിന്നുമുള്ളതാണ്.