ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ മഴയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. രാവിലെ ആറ് മണിയോടെ മാവ്നി പ്രദേശത്തെ വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥരും ഹോം ഗാർഡ് ഉദ്യോഗസ്ഥരും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുന്നുണ്ടന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലാ എസ്പി സിൽവെസ്റ്റർ നോങ്റ്റ്ഞ്ചർ പറഞ്ഞു.
നിരവധി ദേശീയ മത്സരങ്ങളിൽ മേഘാലയക്ക് വേണ്ടി കുപ്പായമണിഞ്ഞ വനിതാ ക്രിക്കറ്റ് താരം റസിയ അഹ്മദിന്റെ മൃതദേഹവും മണ്ണിനടിയിൽ നിന്നും ലഭിച്ചിരുന്നു. മറ്റ് അഞ്ച് പേരെ ഇപ്പോഴും കാണാനില്ലെന്ന് മാവ്നി പ്രദേശത്തെ തലവൻ ബഹ് ബഡ് പറഞ്ഞു. 2011-12 മുതൽ സംസ്ഥാനത്തിന് പുറത്തുള്ള വിവിധ ടൂർണമെന്റുകളില് റസിയ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് മേഘാലയ ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഗിദിയോൻ ഖാർകോംഗോർ പറഞ്ഞു. പ്രകൃതിദുരന്തത്തിൽ പെട്ടെന്നുള്ള നിര്യാണത്തിൽ റസിയയുടെ സഹകളിക്കാരും അനുശോചനം രേഖപ്പെടുത്തി. തിങ്കളാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന മഴ സംസ്ഥാനത്തൊട്ടാകെ നാശനഷ്ടങ്ങൾ സൃഷ്ടിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഷില്ലോങ്ങിലെ പൊലീസ് ക്വാർട്ടേഴ്സിലെ മണ്ണിടിച്ചിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് പൊലീസ് ഏർപ്പാടാക്കിയിരുന്ന രണ്ട് തൊഴിലാളികളും വ്യാഴാഴ്ച മരിച്ചിരുന്നു.
മവ്ലായ് പ്രദേശത്തെ മണ്ണിടിച്ചിൽ അവശിഷ്ടങ്ങളിൽ നിന്ന് മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. വഹുംഖ്റ നദിയിലെ ശക്തമായ മഴവെള്ളപാച്ചിലിൽ ഒരു യുവാവിനെ കാണാതായി. സംസ്ഥാനത്താകെ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി പിഡബ്ല്യുഡി ജീവനക്കാരെ നിയമിച്ചിട്ടുമുണ്ട്. എൻഎച്ച് -62 ൽ സ്ഥിതിചെയ്യുന്ന ദുംനികുര തടി പാലം ഒഴുകിപ്പോയതിനെ തുടർന്ന് വെസ്റ്റ് ഗാരോ ഹിൽസിൽ നിന്ന് സൗത്ത് ഗാരോ ഹിൽസിലേക്കുള്ള യാത്രകൾ നിലയ്ക്കുകയും പ്രദേശങ്ങൾ ഒറ്റപ്പെടുകയും ചെയ്തു.
എൻഎച്ച് -62 അടച്ചിടുമെന്നും സൗത്ത് ഗാരോ ഹിൽസിലെ ബാഗ്മാര പട്ടണം വെസ്റ്റ് ഗാരോ ഹിൽസുമായി ബന്ധിപ്പിക്കുന്നതിന് പിഡബ്ല്യുഡി ബദൽ മാർഗങ്ങൾ തേടുകയാണെന്നും വെസ്റ്റ് ഗാരോ ഹിൽസ് ഡെപ്യൂട്ടി കമ്മീഷണർ രാം സിംഗ് പറഞ്ഞു. പാലം മുഴുവനായും ഒഴുകിപ്പോയതിനാൽ പുനർനിർമിക്കാൻ സമയമെടുക്കുമെന്ന് സൗത്ത് ഗാരോ ഹിൽസ് ഡെപ്യൂട്ടി കമ്മീഷണർ എച്ച്.ബി. മരക് പറഞ്ഞു. മണ്ണിടിച്ചിലിൽ സംസ്ഥാനത്തൊട്ടാകെയുള്ള നിരവധി ഗ്രാമങ്ങളിലെ റോഡുകളും ദേശീയപാതകളും തകർന്നു. എൻഎച്ച് 44 ഇ ഭാഗികമായി തകരുകയും വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ നോങ്സ്റ്റോയ്ൻ സിവിൽ ഹോസ്പിറ്റലിലേക്കുള്ള റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു.