ചെന്നൈ: ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് തള്ളിയ കേസില്‍ അയല്‍വാസിയായ ഒരാള്‍ അറസ്റ്റില്‍. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി.കെ.പളനസ്വാമി പറഞ്ഞു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ജൂണ്‍ 30ന് കാണാതായി. കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയല്‍വാസികളുടേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചിലും നടത്തിയിരുന്നു. അതിനിടെയാണ് കുറ്റിക്കാട്ടില്‍ മൃതശരീരം കണ്ടെത്തിയത്. കുട്ടിയുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്.
'കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന യുവാവ് കുട്ടിയെ ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോയിരുന്നു. പ്രദേശവാസികളില്‍ പലരും പെണ്‍കുട്ടിയെ അന്നേദിവസം ഇയാള്‍ക്കൊപ്പം കണ്ടിരുന്നു. പിന്നീട്, ഇയാൾ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും ഏഴ് വയസുകാരിയുടെ മരണത്തിലും വലിയ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്.
മെയ് മാസത്തില്‍ ദുര്‍മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം പതിമൂന്ന് വയസുള്ള മകളെ പിതാവ് കൊന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ ഇരയുടെ പിതാവടക്കം നാലുപേരാണ് അന്ന് അറസ്റ്റിലായത്.