മുംബൈ: മഹാരാഷ്‌ട്രയിലെ പാൽഘറിൽ രണ്ട് സന്യാസിമാരെ ആൾക്കൂട്ട ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ് 55കാരനായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. വാഡാ ജില്ലയിലെ ലോക്കപ്പില്‍ മറ്റ് 20 പേർക്കൊപ്പം കഴിയുകയായിരുന്നു പ്രതി. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ പാല്‍ഘർ സർക്കാർ ആശുപത്രിയിലെ ഐസൊലേഷന്‍ വാർഡില്‍ പ്രവേശിപ്പിച്ചു. ലോക്കപ്പിലുണ്ടായിരുന്ന മറ്റ് 20 പേരെയും സ്റ്റേഷനില്‍ ഉണ്ടായിരുന്ന 23-ഓളം പൊലീസുകാരെയും പ്രതിയുടെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
പ്രതിക്ക് എവിടെ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഗുജറാത്ത് അതിര്‍ത്തി ഗ്രാമമായ കാസയിൽ കഴിഞ്ഞ ഏപ്രിൽ 16-നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാറിൽ ഡ്രൈവർക്ക് ഒപ്പം സഞ്ചരിക്കുകയായിരുന്ന സന്യാസിമാര്‍ക്കെതിരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. മോഷ്‌ടാക്കളെന്ന് കരുതിയാണ് ആക്രമിച്ചതെന്നും സംഭവത്തിന് പിന്നിൽ വര്‍ഗീയത ഇല്ലെന്നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. അതേസമയം ആൾക്കൂട്ട ആക്രമണ കേസില്‍ പിടിയിലായവരുടെ എണ്ണം 115 ആയി.