ന്യൂഡൽഹി: ജമ്മു കശ്മീരിന്‍റെ പഴയ ഭൂപടം പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി പുതിയ ഭൂപടം ചേർത്ത് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂകേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിആർടി).
ആർട്ടിക്കിൾ 370 കേന്ദ്രം അസാധുവാക്കുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പാഠപുസ്തകത്തിലെ മാറ്റങ്ങൾ. പുതിയതായി ഒന്നുമില്ലെന്നും ജമ്മു കശ്മീരിന്‍റെ പഴയ മാപ്പ് പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നും മാറ്റി പുതിയ മാപ്പ് ഉൾപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും എൻസിആർടി ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് നൽകിയ പ്രത്യേക പദവി റദ്ദാക്കുകയും ആർട്ടിക്കിൾ 35 എ റദ്ദാക്കുകയും ചെയ്തു. തുടർന്ന് ജമ്മു കശ്മീരിനെ ജമ്മു കശ്മീർ, ലഡാക്ക് എന്നി കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനുമായി (സിബിഎസ്ഇ) അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്കൂളുകളും എൻസിആർടി പാഠപുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. കൂടാതെ നിരവധി സംസ്ഥാന ബോർഡുകളും ഈ പുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്.