ലഖ്നൗ: ഉത്തർപ്രദേശിലെ ലോണി പൊലീസ് സ്റ്റേഷൻ പരിധിയിൽ 68 വയസുകാരനെ മരുമകൻ വെടിവച്ച് കൊന്നു. ശനിയാഴ്ച മൂന്നു മണിയോടെയാണ് കോട്വാൽപൂർ സ്വദേശി ഷിയോറാജ് സിംഗിനെ മരുമകൻ ത്രിലോക് സിംഗ് വെടിവച്ചു കൊന്നത്.
മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യലഹരിയില്‍ വീട്ടിലെത്തിയ ത്രിലോക് സിംഗ്, വാതിൽ തുറന്നെത്തിയ ഷിയോറാജ് സിംഗിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇയാൾ സുഹൃത്തുക്കൾക്കൊപ്പം വന്ന കാറിൽ രക്ഷപ്പെടുകയും ചെയ്തു. വെടിയേറ്റ ഷിയോറാജ് സിംഗിനെ മകൻ വിനോദ് സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകായിരുന്നു. വിനോദിന്റെ പരാതിയിൽ പ്രതികൾക്കും കൂട്ടാളികൾക്കുമെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഒൻപത് വർഷം മുൻപാണ് ഷിയോറാജ് സിംഗിന്റെ ഇളയ മകൾ ത്രിലോക് സിംഗിനെ വിവാഹം ചെയ്തത്. എന്നാൽ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഷിയോറാജ് സിംഗിന്റെ മകൾ പിതാവിനൊപ്പമാണ് താമതാമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.